ഒരു ജാപ്പനീസ് യാത്രാസംഘത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുന്ന, കൃത്യമായ യാത്രോദ്ദേശ്യമുള്ള വ്യത്യസ്തരായ നാലുപേർ…അവർ ഗംഗാനദിയുടെ പരിസരങ്ങളിൽ തങ്ങളുടെ ഇന്നലെകളെ പൂർത്തീകരിക്കുന്നതിനായുള്ള എന്തൊക്കെയോ തിരയുകയാണ്… ചിലർ പരിചിതമുഖങ്ങളെ, ചിലർ ചില സങ്കല്പങ്ങളെ, ചിലർ ചില കാഴ്ച്ചകളെ… ഭാരതീയസംസ്കാരത്തിൽ, ഭാരതീയവിശ്വാസപ്രമാണങ്ങളിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് സ്വാസ്ഥ്യം തേടിവന്നവരാണ് അവർ…ജാപ്പനീസ് വിശ്വാസാവിശ്വാസപ്രമാണങ്ങളെ ഭാരതീയ ദർശനങ്ങളുടെ പശ്ചാത്തലത്തിൽ എത്തിച്ച് മനുഷ്യമനസ്സിന്റെ സാർവ്വജനീനമായുള്ള നാനാതലങ്ങളെ അനാവരണം ചെയ്യുവാനാണ് എഴുത്തുകാരൻ ശ്രമിച്ചിരിക്കുന്നത് എന്നിടത്താണ് ഈ കൃതി ദേശകാലാതിവർത്തിയായി, അസാമ്യത്വം കൈവരിച്ചിരിക്കുന്നത്… ഭാര്യയുടെ പുനർജന്മം തേടുന്ന ഇസൊബെയും പ്രായശ്ചിത്തം ചെയ്ത് ശാന്തിനേടുവാനുഴലുന്ന പട്ടാളക്കാരനായിരുന്ന കിഗുചിയും പ്രത്യുപകാരത്തിനായി മൈനകളെ തേടുന്ന നുമാദയും തന്റെ സ്നേഹരഹിതജീവിതത്തിലെ പാഠപുസ്തകമായിരുന്ന സുഹൃത്തിനെ അന്വേഷിച്ചിറങ്ങുന്ന മിത്സുകൊയും ശരികൾ തേടിയലയുന്ന ഓത്സുവും പേരുകളിലെ ദേശപരിമിതികളെ മറികടന്ന് ആഗോളതലത്തിൽ നിന്നുകൊണ്ട് സ്നേഹം, സ്നേഹശൂന്യത, പരിത്യാഗം, പശ്ചാത്താപം, പ്രായശ്ചിത്തം, ഉൾക്കൊള്ളൽ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു… ദൈവം എന്നത്, പ്രകൃതിയിലും മനുഷ്യനിലുമെല്ലാം കുടികൊള്ളുന്ന ഒരു ആന്തരികശക്തിയാണെന്ന തിരിച്ചറിവിലേക്ക് അവർ എത്തിച്ചേരുന്നു. സ്നേഹമാണ് ദൈവമെന്നും പലവിധ സ്നേഹങ്ങളുടെ പരിത്യാഗത്തിലൂടെ മാത്രമേ അവനവന്റെയുള്ളിലെ യഥാർത്ഥ സ്നേഹഭാവത്തെ, ഈശ്വരീയതയെ തിരിച്ചറിയൂ എന്നുമുള്ള അവബോധത്തോടെ, അവർ മടങ്ങുന്നു.