എന്റെ പഞ്ചാര ഓറഞ്ച് മരം
വിവർത്തനം: വി എം ഗിരിജ
എന്റെ പഞ്ചാരഓറഞ്ച്മരം എന്ന നൊവേലിന് അത് എഴുതിയ– ഹോസെ മൗരോ ദേ വാസ്‌കോണ്‍സെലോസ് ഒരു ചെറിയ അർഥ നീട്ട്, വാൽക്കഷണം വെച്ചു കൊടുത്തപ്പോൾ “വേദന കണ്ടുപിടിച്ച ഒരു ചെറിയ ആണ്‍കുട്ടിയുടെ കഥ”എന്നായിരുന്നു അത്. അതേ, വായനക്കാർക്കും വേദനയുടെ നുറുങ്ങുന്ന വഴികൾ പഠിക്കാം ഇതിലൂടെ.
വാസ്കോ ഡ ഗാമ ആദ്യം കോഴിക്കോട്ട് വന്ന്, പല പല സംഭവങ്ങൾ കഴിഞ്ഞു പോർച്ചുഗലിലേക്ക്തിരിച്ച് പോയത് അവിടെ ഉൽസവം പോലെ കൊണ്ടാടപ്പെട്ടു. പെദ്രോ അൽവാരിസ് കബ്രാൾ കമാണ്ടർ ആയി അടുത്ത പട ഒരുങ്ങി-33 കപ്പലുകൾ, ആയിരത്തഞ്ഞൂറ് സൈനികർ. കൂടെ ബർത്തലോമിയോ ഡയസ്, നിക്കോളാസ് കൊയ്ലോ. അറബികളെ ഒഴിവാക്കി മുഴുവൻ കച്ചവടവും പോർച്ചുഗീസ്കാർക്ക് എന്നു സാമൂതിരിയെ നിർബന്ധിക്കണം എന്നായിരുന്നു ദൌത്യം. പക്ഷേ ആ യാത്ര ആദ്യം എത്തിപ്പെട്ടത് ബ്രസീലിൽ. ചെന്നു, കണ്ടു, കീഴടക്കി. വെറും ആറ് കപ്പലുകളുമായാണ് കബ്രാൾ പിന്നെ കോഴിക്കോട്ടേക്ക് പോയത്. പറഞ്ഞു വന്നത് ബ്രസീലിൽ പോർച്ചുഗീസ് ഭാഷ പരന്നതിന്റെ കഥ. അങ്ങനെയാണ് 1500 മുതൽ 1822 വരെ ബ്രസീൽ പോർച്ചുഗീസിന്റെ കോളനിയായത്, ബ്രസീലുകാരൻ ആയ ഹോസെ മൗരോ ദേ വാസ്‌കോണ്‍സെലോസ് പ്രശസ്തമായ തന്റെ നോവൽ, എന്റെ പഞ്ചാരഓറഞ്ച്മരം [My Sweet Orange Tree/ Portuguese Original Title: Meu Pé de Laranja Lima] പോർച്ചുഗീസ് ഭാഷയിൽ എഴുതിയത്, 1968ലാണ് ആത്മകഥാംശമുളള ഈ നോവൽ ഇറങ്ങുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ അതൊരു ക്ലാസിക്ക് ആയി എന്നു പറയാം. എത്രയോ ലോക ഭാഷകളിൽ പരിഭാഷകൾ, ടി വി സീരിയലുകൾ, സിനിമ. ബ്രസീലിലെ സ്കൂളുകളിൽ പാഠപുസ്തകമായ നോവൽ.
റിയോ ഡി ജനീരയ്ക്ക് അടുത്തുള്ള ബൻഗു എന്ന ചെറു പട്ടണത്തിൽ ആണ് കഥ നടക്കുന്നത്. അഞ്ചു വയസ്സു കഴിഞ്ഞ സെസേയാണ് കഥാ നായകൻ. അവൻ കുഞ്ഞാണ്, ആരും പറയാതെ അക്ഷരമാല പഠിച്ച മിടുമിടുക്കൻ, അനിയൻ ലൂയീസിനെ അവൻ കിങ് ലൂയിസ് എന്നു വിളിക്കുന്നു. ചേച്ചിമാരിൽ ഗ്ലോ എന്നു വിളിക്കുന്ന ഗ്ലോറിയയാണ് അവനെ എപ്പോഴും അടികളിൽ നിന്നു രക്ഷിക്കുക. ചേട്ടൻ ടോട്ടോക്കയും മറ്റ് സഹോദരിമാരും അപ്പനും അമ്മയും… പക്ഷേ അപ്പന്റെ ജോലി പോയതിൽ പിന്നെ കഷ്ടപ്പാടും വിശപ്പും തന്നെ. എഡ്മുണ്ടോ മാമൻ, അമ്മാമ്മ എന്നിവർ തൊട്ടപ്പുറത്ത് ഉണ്ട്.
കഥയുടെ ഒരു പ്രധാനതിരിവ് ക്രിസത് മസ്സ് കാലത്താണ് നടക്കുന്നത്. ബൻഗുവിലെ കാസിനോവിന്റെ മുമ്പിൽ വെച്ച് പാവപ്പെട്ട പിള്ളേർക്ക് സമ്മാന വിതരണം ഉണ്ട്. സെസേ കുഞ്ഞനിയനെയും നടത്തി അതു വരെ പോകുന്നു. ചെറിയവന് കാല് വേദനിക്കുന്നു, സെസേക്ക് തന്നെ ആറ് വയസ്സായിട്ടില്ല. പിന്നല്ലേ. പക്ഷേ ഒന്നും കിട്ടിയില്ല. അതിനു പകരം, അനിയനോട് ഉള്ള സ്നേഹം മൂലം തന്റെ മരക്കുതിര പുതുതാക്കി അവൻ അനിയന് കൊടുക്കും.
“ടോട്ടോക്ക?”
“എന്താടാ”.
“ക്രിസ്മസപ്പൂപ്പന്റെ കയ്യില്‍ നിന്നു നമുക്ക് യാതൊന്നും കിട്ടില്ലേ?”
“കിട്ടുംന്ന് തോന്നുന്നില്ല”.
“ടോട്ടോക്ക, എന്നോട് സത്യം പറ. എല്ലാവരും പറയും പോലെ ഞാന്‍ വികൃതിയും ചീത്തയുമാണോ”.
“അത്ര ചീത്തച്ചീത്തയൊന്നുമല്ല. നിന്റെ ചോരയില്‍ സാത്താനുണ്ട് എന്ന് മാത്രം.”
“ക്രിസ്തുമസ് വരുമ്പോഴെങ്കിലും അത് ഇല്ലാതായാ മതിയായിരുന്നു. മരിക്കുംമുമ്പ്, ഏറ്റവും കുറഞ്ഞത് ഒരിക്കലെങ്കിലും സാത്താന്‍ കുട്ടിയല്ലാതെ ഉണ്ണിയേശു എന്റെ ഹൃദയത്തില്‍ ജനിക്കണം എന്നാ എന്റെ ആശ”
മുതിർന്നവർ ചീത്ത പറഞ്ഞു തകർത്ത ഹൃദയമുള്ള, മിടുക്കനും വികൃതിയുമായ ആ കൊച്ചു കുഞ്ഞിന്റെ വേദന നമ്മെ അലിയിക്കും.
ക്രിസ്തുമസ് ദിവസം അവർക്ക് മാത്രം വേദന: അവൻ സമ്മാനത്തിന് വേണ്ടി വെച്ച ഷൂ നോക്കാൻ ഓടുകയാണ്.
“
ഉണര്‍ന്ന ഉടനേ ഞാന്‍ ടോട്ടോക്കയെ വിളിച്ചു.
“വാടാ പോവാം. എന്തെങ്കിലും ഉണ്ടെങ്കിലോ.”
“ഞാനില്ല.”
“ശരി. ഞാന്‍ പോവാം”.
ഞാന്‍ കിടപ്പുമുറിയുടെ വാതില്‍ തുറന്നു, എന്തൊരു നിരാശ… ഷൂസ് ശൂന്യമായിരുന്നു. കണ്ണുതിരുമ്മിക്കൊണ്ട് ടോട്ടോക്കയും വന്നു.
“ഞാന്‍ പറഞ്ഞതല്ലേ.”
എന്റെ ആത്മാവില്‍ എല്ലാം കൂടി കലങ്ങിമറിഞ്ഞു പൊന്തിവന്നു. വെറുപ്പ്, ദേഷ്യം, ദുഃഖം. ഉള്ളില്‍ ഒതുക്കാന്‍ പറ്റാതെ ഞാന്‍ പൊട്ടിത്തെറിച്ചു.
“പണമില്ലാത്ത അപ്പനുണ്ടാകുന്നത് ഭയങ്കരം തന്നെ.”
എന്റെ ഷൂസില്‍നിന്നു, എന്റെ കണ്ണുകള്‍ അവിടെ ഇട്ടിരുന്ന ഒരു ജോഡി ചെരിപ്പിലേക്ക് തെന്നി. അപ്പന്‍ ഞങ്ങളെ നോക്കി അതാ അവിടെ നില്‍ക്കുന്നു. ദുഃഖം കൊണ്ട് വളരെ വലുതായി അപ്പന്റെ കണ്ണുകള്‍. അപ്പന്റെ കണ്ണുകള്‍ വളരെ വളരെ വലുതായി–ബംഗു സിനിമാതീയേറ്ററിന്റെ സ്‌ക്രീനിന്റെ അത്രയും വലുതായി. കരയാന്‍ തോന്നിയാലും കരയാന്‍ പറ്റാത്തത്രയും വേദനയും മുറിവും അപ്പന്റെ കണ്ണുകളില്‍ കണ്ടു. ഒരിക്കലും അവസാനിക്കാത്തത് എന്ന് തോന്നിയ ഒരു മിനിട്ട് നേരം, അദ്ദേഹം ഞങ്ങളെ നോക്കി നിന്നു, പിന്നെ ഒന്നും ഒന്നും മിണ്ടാനാവാതെ, അവിടെ തരിച്ചു നിന്നു. അലമാരിയിൽ നിന്ന് തൊപ്പിയെടുത്ത് അപ്പന്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങിപ്പോയി.”
അവൻ അപ്പനെ വേദനിപ്പിച്ചതിൽ സ്വയം മുറിയുന്നുണ്ട്. ഷൂ പോളിഷ് ചെയ്ത് കാശുണ്ടാക്കി അപ്പന് വില പിടിച്ച സിഗരട്ട് വാങ്ങിക്കൊടുക്കുന്നുണ്ട്. പക്ഷേ അവനെ ആരും മനസ്സിലാക്കുന്നില്ല. വേദനയുടെ ലോകത്തിൽ കരുണ അസ്തമിക്കുമോ?
ആ ഇടയ്ക്കാണ് പോർച്ചുഗ എന്ന മാനുവല്‍ വാലഡാരിസിന്റെ സൌഹൃദം അവനെ തളിർപ്പിക്കുന്നത്. സ്വന്തം അപ്പനിൽ നിന്നു തന്നെ വിലയ്ക്ക് വാങ്ങിക്കോളാൻ അവൻ പറയുന്നത് ഹൃദയം പൊട്ടിയെ വായിക്കാൻ പറ്റൂ. ആരോടും പറയാതെ സൂക്ഷിച്ച ആ വിലപ്പെട്ട കൂട്ട് അവന് ഒരു ശാന്തി പേടകം ആയിരുന്നു, പാട്ടും സ്നേഹവും ആണ് സെസേ ആഗ്രഹിക്കുന്ന രണ്ട് ഉറവുകൾ. സഹജമായ ദാഹം ഒരു പാട്ടുകാരന്റെ സഹായി ആയി അലയാനും പ്രേരകമാവുന്നു. പിങ്കി എന്ന ചെറിയ പഞ്ചാര ഓറഞ്ച് മരമാണ് അവനെ സ്നേഹം കൊണ്ട് ജീവിപ്പിക്കുന്ന മറ്റൊന്ന്. അവന്റെ ഉള്ളിൽ അതിനു ജീവനുണ്ട്, ഏറ്റവും വലിയ കൂട്ടുകാരനാണ്. കുഞ്ഞായിരുന്നപ്പോൾ തന്നെ ഉള്ളിൽ ഒരു കുഞ്ഞിക്കുരുവി പാടിയിരുന്നു എന്നും അവന് തോന്നിയിട്ടുണ്ട്.
അത്ര ചെറുപ്പത്തിൽ, പിഞ്ചു കുട്ടിയായിരിക്കുമ്പോൾ അപ്പന്റെ കയ്യിൽ നിന്നു ചാട്ട കൊണ്ട് അടിയേറ്റ സെസേ പിങ്കിയോട് പറയുന്ന ഈ വാക്കുകൾ കണ്ണീര് കൊണ്ട് എഴുതിയവയാണ് :
“ .
“നീ കണ്ടോ പിങ്കീ. എനിക്ക് പന്ത്രണ്ട് മക്കള്‍ വേണം; പിന്നെ വേറെ പന്ത്രണ്ട്. ആദ്യത്തെ പന്ത്രണ്ടെണ്ണം എന്നും കുഞ്ഞുങ്ങളായിരിക്കും, ആരും ഒരു തരിമണ്ണുപോലും അവരുടെ മേലിടില്ല. മറ്റേ പന്ത്രണ്ട് പേര്‍ വളരും, വളര്‍ന്ന് വലുതാവും. ഞാന്‍ പോയി ഓരോരുത്തരോടും ചോദിക്കും:
നിനക്കെന്താവണം മകനേ?
ഒരു വിറകുവെട്ടുകാരനോ.. കൊള്ളാം ഇന്നാ പിടിച്ചോ ഒരു മഴുവും ഈ കള്ളിഷര്‍ട്ടും.
നിനക്ക് സിംഹത്തിനെ മെരുക്കണോ?
ഇന്നാ ചാട്ടവാറും യൂണിഫോമും.”
“അപ്പോ ക്രിസ്തുമസ്സോ? ഇത്രയധികം കുട്ടികളേക്കൊണ്ട് എന്തു ചെയ്യും?”
“ക്രിസ്തുമസ്സിനു എനിക്ക് ഒരുപാട് പണം ഉണ്ടാവും. ഒരു ട്രക്ക് നിറയെ ചെസ്റ്റ്‌നട്ടും ബദാം പരിപ്പും വാള്‍നട്ടും അത്തിപ്പഴവും ഉണക്കമുന്തിരിയും കൊണ്ടുവരും. ഒരുപാട് കളിപ്പാട്ടങ്ങള്‍ കൊടുക്കും… അത് അയല്‍വക്കത്തെ ഇല്ലാത്ത കുട്ടികള്‍ക്ക് ഒക്കെ അവര്‍ക്ക് കടംകൊടുക്കാലോ…
ഞാന്‍ ഭയങ്കര ധനികനാവും, ഒരു പൂത്തപണക്കാരന്‍, ശരിക്കും പണക്കാരന്‍. ഞാന്‍ ലോട്ടറി അടിക്ക്യേം ചെയ്യും.”
എന്നിട്ട് ഞാന്‍ ധിക്കാരപൂർവം പിങ്കിയെ നോക്കി, ഈ ഇടയ്ക്കുകയറി തടസ്സപ്പെടുത്തിയത് ഇഷ്ടമായില്ല എന്നറിയിക്കാന്‍.
“ഞാന്‍ പറഞ്ഞുവന്നത് ഒന്നു മുഴുമിപ്പിക്കട്ടെ പിങ്കീ. ഇനിയും എത്ര പിള്ളേരുണ്ട്.
അപ്പോ, മോനേ, നിനക്ക് കൗബോയ് ആവണോ? ഇതാ, നിന്റെ ജീനിയും മൂക്കുകയറും.
നിനക്ക് മാംഗോറാജിബ ഓടിക്കണോ? ഇതാ നിന്റെ തൊപ്പിയും പീപ്പിയും?”
കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണമെന്ന് ഒരാറുവയസ്സുകാരന് പറയാൻ പറ്റുമോ! പക്ഷേ സെസേയ്ക്ക് അത് അറിയാം. രക്ഷിതാക്കൾ, മുതിർന്നവർ, അച്ഛനമ്മമാർ, അധ്യാപകർ എല്ലാം, സഹജമായ സ്നേഹം, അലിവ്, വാൽസല്യം ഒക്കെ നശിപ്പിച്ച്, സദാചാരം മാത്രം കണക്കിലെടുത്ത് വളർത്തുമ്പോൾ പിഞ്ചു പൈതങ്ങൾ അനുഭവിക്കുന്ന വേദന തീവ്രമാണ്. അതിലേക്കുള്ള ഒരു കണ്ണു തുറപ്പിക്കൽ കൂടിയാണീ പുസ്തകം. വളരെ വളരെ വഴികളും അടരുകളും കൊണ്ട് സമ്പന്നം.
പ്രിയരേ, മുന്പ് എടുത്തു ചേർത്ത ഭാഗത്തെ മാംഗോറാജിബ എന്തെന്ന് അറിയണം അല്ലേ. അതിനുമപ്പുറം പിഞ്ചു കുഞ്ഞുങ്ങളുടെ ഹൃദയത്തിന്റെ സംവേദനത്തിന്റെ ആഴം അറിയാൻ ഓരോ മനുഷ്യനും/ത്തിയും വായിക്കേണ്ടതാണ് ഈ ക്ലാസിക് കൃതി എന്നു തോന്നുന്നു.
പുസ്തകത്തിന്റെ ആദ്യ പുറത്ത് കൊടുത്ത, എഴുത്തുകാരന്റെ ഈ സമർപ്പണവാചകം ആത്മാംശം പുരണ്ടത്-അത് വായിക്കാം.
“എന്റെ അനിയന്‍ ലൂയിസിന്റെയും (കിംഗ് ലൂയിസ്) എന്‌റെ ചേച്ചി ഗ്ലോറിയയുടെയും സ്‌നേഹം നിറഞ്ഞ ഓര്‍മ്മകള്‍ക്ക്. ലൂയിസ് ഇരുപതാം വയസ്സിലും ഗ്ലോറിയ ഇരുപത്തിനാലിലും, ജീവിതം ജീവിതയോഗ്യമല്ല എന്ന് കണ്ട് അതു ഉപേക്ഷിച്ചു.
അത്രതന്നെ വിലയുറ്റതാണ് എന്റെ ആറാം വയസ്സില്‍ അലിവ് എന്തെന്ന് എന്നെ പഠിപ്പിച്ച മാനുവല്‍ വലാഡേറസിന്റെ ഓര്‍മ്മ.
എല്ലാവരും സമാധാനത്തില്‍ വിശ്രമിക്കട്ടെ!”
അതേ അലിവിലൂടെ സ്നേഹത്തിലേക്ക് സമാധാന പാത നീളട്ടെ.
————————————————
വി.എം. ഗിരിജ: സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ കവിയും എഴുത്തുകാരിയും
Reviews
There are no reviews yet.