യോഗ, പ്രാപഞ്ചിക മൂല്യവ്യവസ്ഥയെയും തത്ത്വശാസ്ത്രത്തെയും ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ ശാസ്ത്രമാണ്.
പരിപൂർണ്ണമായ മാനസിക, ശാരീരിക ആരോഗ്യമാണ് യോഗ നമുക്ക് പകർന്നുനൽകുന്നത്. മനശ്ശക്തി, ശാന്തി, ഏകാഗ്രത, കർമ്മകുശലത, വ്യക്തിചാരിത്ര്യം എന്നിവ യോഗയിലൂടെ കൈവരുന്നു. സാധകനെ കരുത്തിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കുന്ന അദ്ഭുതവിജ്ഞാനമാണ് യോഗ.
നാല്പത്തഞ്ചിലധികം ആസനങ്ങളുടെ സൂക്ഷ്മമായ രീതിവിധാനങ്ങളും ആധികാരികമായ പ്രായോഗികനിർദ്ദേശങ്ങളും ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ആസനങ്ങളിൽ വരുത്തേണ്ട പരിഷ്‌ക്കാരങ്ങളെക്കൂടി പരിചയപ്പെടുത്തുന്ന അപൂർവ്വകൃതിയാണിത്.
ആഗോളതലത്തിൽ കേൾവികേട്ട പ്രമുഖ യോഗ ഗുരുക്കന്മാരിൽ അദ്വിതീയനാണ് പുസ്തകരചയിതാവായ ബി.കെ.എസ്. അയ്യങ്കാർ. നിങ്ങൾക്ക് സമഗ്രമായ ആരോഗ്യാവസ്ഥ ഉറപ്പുതരാൻ തീർച്ചയായും ഈ പുസ്തകത്തിന് സാധിക്കും.
ഫലസിദ്ധിയുടെ പുസ്തകമാണ് ആരോഗ്യയോഗ
AUTHOR
ബി.കെ.എസ്. അയ്യങ്കാർ:
ബി.കെ.എസ്. അയ്യങ്കാർ(ബെല്ലൂർ കൃഷ്ണമാചാർ സുന്ദരരാജ അയ്യങ്കാർ) . ജനനം 1918 ഡിസംബർ 14ന് കർണാടകത്തിലെ ബെല്ലൂരിൽ. മരണം 2014 ആഗസ്ത് 20ന് മഹാരാഷ്ട്രയിലെ പൂനെയിൽ. ഇന്ത്യൻ തത്ത്വചിന്തയുടെ ഭാഗമായ യോഗയ്ക്ക് പ്രചാരം നല്കിയ പ്രമുഖനായ ആചാര്യൻ.
ദരിദ്രമായ കുടുംബത്തിലായിരുന്നു അയ്യങ്കാരുടെ ജനനം. രോഗാതുരമായ ബാല്യം അദ്ദേഹത്തിന് നല്കിയത് വീർത്ത വയറും നേരെനിൽക്കാത്ത ശിരസ്സുമായിരുന്നു. തന്റെ വിചിത്രമായ രൂപം ആ ബാലനെ കൂട്ടുകാർക്കിടയിൽ സദാ പരിഹാസ്യനാക്കി, അത് അവന്റെ പഠനത്തിനുപോലും തടസ്സമായി മാറി. കൗമാരകാലത്തുതന്നെ അവൻ ആശ്വാസത്തിനായി യോഗയിലേയ്ക്ക് തിരിഞ്ഞു. ശാരീരികമായ ക്ലേശങ്ങളിലൂടെയും നിതാന്ത പരിശ്രമത്തിലൂടെയും ആ ബാലൻ 200 യോഗാസനങ്ങൾ പഠിച്ചെടുത്തു. യോഗാസനങ്ങളുടെ പ്രദർശനം അവന് നല്കിയ പ്രശസ്തി തന്റെ ശാരീരികമായ വേദനകളെ മറികടക്കാൻ അവനെ സഹായിച്ചു.
1952ൽ അദ്ദേഹം സുപ്രസിദ്ധ വയലിനിസ്റ്റായ യഹൂദി മെനുഹിനിന്റെ യോഗാദ്ധ്യാപകനായി. മെനുഹിൻ അദ്ദേഹത്തെ പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയും, ലൈറ്റ് ഓൺ യോഗ(1965) എന്ന പുസ്തകത്തിന് ആമുഖക്കുറിപ്പെഴുതുകയും ചെയ്തു. ഈ മൗലികവും ആധികാരികവുമായ പുസ്തകത്തിൽ അയ്യങ്കാർ യോഗാസനങ്ങൾ ചെയ്യുന്ന 600-) ളം ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. ഈ പുസ്തകം യൂറോപ്പിലും അമേരിക്കയിലും വലിയ ചർച്ചയാകുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
അയ്യങ്കാർ ഹഠയോഗമാണ് പഠിപ്പിച്ചിരുന്നത്. നിരവധി ആസനങ്ങളും പ്രാണായാമവും ധ്യാനവും ഉൾച്ചേർത്ത് മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുകയും ആത്മാവിനെ പോഷിപ്പിക്കുകയും ചെയ്യുന്ന പാഠങ്ങൾക്കായിരുന്നു അതിൽ പ്രാമുഖ്യം നൽകിയിരുന്നത്. ഈ രീതിയിലിലുള്ള ക്ലാസുകൾ പൂനയിലും ലോകത്ത് പലയിടത്തും അദ്ദേഹം ആരംഭിച്ചു. പഠിതാക്കളുടെ ആത്മീയവും ശാരീരികവുമായ വികാസത്തിന് ഉതകുമാറ് അവർക്ക് ഓരോരുത്തർക്കും ഇണങ്ങുന്ന രീതിയിൽ തന്റെ ക്ലാസുകൾ ക്രമീകരിക്കുകയും വളരെ ആഴത്തിൽ പഠിതാക്കളുമായി നിരന്തരം സംവദിക്കുകയും ചെയ്യുമായിരുന്നു. യോഗാസനങ്ങളിൽ നിൽക്കുമ്പോൾ മനസ്സിനെ ശാന്തമാക്കുവാനും ധ്യാനാത്മകമാക്കുവാനും പ്രാണായാമങ്ങൾ ചെയ്യുവാനും പഠിതാക്കളെ പ്രാപ്തരാക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. യോഗാസനങ്ങളുടെ കാഠിന്യം ലഘൂകരിക്കാൻ, പ്രത്യേകിച്ച് വിദേശികളായ പഠിതാക്കൾക്ക് വേണ്ടി, വിവിധ തരം താങ്ങുകൾ, ഉദാഹരണത്തിന് കസേരകൾ , പുതപ്പ്, ഇഷ്ടികകൾ, ദണ്ഡുകൾ തുടങ്ങിയവ ഉപയോഗിക്കുന്ന രീതി അയ്യങ്കാർ ആവിഷ്‌ക്കരിച്ചു.
1975ൽ പൂനെയിൽ അയ്യങ്കാർ അദ്ദേഹത്തിന്റെ ഭാര്യയുടെ സ്മരണാർത്ഥം രമാമണി അയ്യങ്കാർ മെമ്മോറിയൽ യോഗ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. മകളായ ഗീതയും മകൻ പ്രശാന്തും ഈ ഉദ്യമത്തിൽ അദ്ദേഹത്തിന്റെ സഹായികളായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനം 200 ൽ അധികം യോഗാകേന്ദ്രങ്ങളും ആയിരക്കണക്കിന് അദ്ധ്യാപകരും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുമായി ലോകം മുഴുവൻ വ്യാപിച്ചകിടക്കുന്ന ഒരു ബൃഹത് സ്ഥാപനമായി വളർന്നു.
1991ൽ പദ്മശ്രീയും 2002ൽ പദ്മഭൂഷണും 2014ൽ പത്മവിഭൂഷണും നല്കി ഭാരതസർക്കാർ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
പരിഭാഷ
നിതാന്ത് എൽ രാജ്
കോഴിക്കോട്ട് ജനനം. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, മാതൃഭൂമി ബുക്‌സ് എന്നിവിടങ്ങളിൽ സബ് എഡിറ്ററായിരുന്നു.
Reviews
There are no reviews yet.